വലിയവിളക്കുവേല


കാലത്ത് 4 മണി മുതല്‍ പിറ്റേന്ന് കാലത്ത് 8 മണി വരെ 28 മണിക്കൂര്‍ വിവിധ ചടങ്ങുകളും, ആഘോഷങ്ങളോടും കൂടി നടത്തുന്നു. പ്രധാനമായി 9 കമ്പങ്ങള്‍ കത്തിക്കുന്നത് സവിശേഷതയാണ്.

വടക്കന്തറ വേല എന്നറിയപ്പെടുന്ന വലിയവിളക്കുവേല ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. ഹിന്ദു സമുദായത്തെ വര്‍ണ്ണ വര്‍ഗ്ഗഭേദ വിത്യാസമില്ലാതെ ഏകീകൃതമായി ഐക്യമത്യബോധത്തോടെയും, സൌഹാര്‍ദ്ദത്തോടെയും നടത്തുന്ന വലിയവിളക്കുവേല മണ്ഡല ഒടുവ് ഉത്സവത്തോടുബന്ധിച്ച് ദേശക്കാര്‍, ഗ്രാമവാസികള്‍, നഗരക്കാര്‍, പത്തുകുടി തരകര്‍, ദേശത്തെ ഹരിജനങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ വേല കുറിക്കുന്നു.

വലിയവിളക്കുവേല ദിവസം പ്രഭാതത്തില്‍ ദേശക്കാരുടെ വീടുകളിലെ സ്ത്രീകള്‍ ഭക്തി ആദരവോടെ നിവേദ്യ സാധനങ്ങള്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു. ഇതിനെ അരി ഉരുളി എഴുന്നള്ളിപ്പ് എന്ന് പറയുന്നു. ഈ സമയത്ത് കാവില്‍ നിയോഗം ഉണ്ടാകും. അതിനുശേഷം നഗരക്കാര്‍ വാദ്യഘോഷത്തോടെ പൂജാസാധനങ്ങള്‍ എഴുന്നള്ളിച്ച് ക്ഷേത്രനടയിലേക്ക് എത്തിക്കുന്നു. അനന്തരം ഭഗവതിയുടെ പള്ളിവാള്‍, പീഠം, ഭസ്മപ്പെട്ടി, കുത്തുവിളക്ക് എന്നിവയോടുകൂടി മേലാമുറിയിയിലെ നടപ്പതി മന്ദത്തിലേക്ക് പുറപ്പെടുന്നു. ഇതിനിടയില്‍ ക്ഷേത്രമൈതാനത്ത് കാഴ്ചശീവേലി, ആനയെഴുന്നള്ളത്ത്, പഞ്ചവാദ്യഘോഷത്തോടെ നടത്തപ്പെടുന്നു. ഉച്ചപൂജക്ക് ഇടയ്ക്ക (കൊട്ടിപാടിസേവ) മുതലായവ ഉണ്ടായിരിക്കുന്നതാണ്.

ഉച്ചക്കുശേഷം വേലാഘോഷം തുടങ്ങുകയായി. പകല്‍വേല എന്നും രാവേല എന്ന രണ്ട് ഭാഗങ്ങളുണ്ട്. പകല്‍വേല കാവില്‍ നിന്നും കോമരം നിയോഗമുണ്ടായി ആന, തിടമ്പ്, വാദ്യം, എന്നിവയോടുകൂടി കൃത്യം മൂന്നുമണിക്ക് വലിയങ്ങാടി മേലാമുറിയിലേക്ക് എഴുന്നള്ളുന്നു. അവിടെ നഗരക്കാര്‍ പന്തലിട്ട് വിതാനിച്ച് ആദരവോടും ഭക്തിയോടുംകൂടി ഭഗവതിയെ സ്വീകരിക്കുന്നത് കാണേണ്ടുന്ന ഒരു കാഴ്ചയാണ്. അവിടെ നിന്ന് നിയോഗത്തിന്റെ കല്പന അുസരിച്ച് സുമാര്‍ 4.00 മണിക്ക് വടക്കന്തറയിലേക്ക് പുറപ്പെടുന്നു. തട്ടിന്‍മേല്‍കൂത്ത് തുടങ്ങിയ പല വേഷവിതാനങ്ങളും, വാദ്യഘോഷങ്ങളും ചേര്‍ന്ന് വേല കാവുകയറുന്നതു കൃത്യം 8.00 മണിക്ക്. പിന്നീട് കാവില്‍ നിന്ന് വടക്കന്തറ ഗ്രാമത്തിലേക്ക് കിണ്ണപന്തല്‍ എഴുന്നള്ളിച്ചുകൊണ്ടുവരാനുള്ള ആരംഭമായി. നിയോഗത്തോടൊപ്പം ആനയും വാദ്യവും ഒപ്പം ഉണ്ടാകും. ഗ്രാമത്തില്‍ എത്തിയശേഷമാണ് ഗ്രാമക്കാരുടെ വക കണ്ടി-തുലോപന്തല്‍ എഴുന്നളത്ത്. ഇതില്‍ പാലമരം കൊണ്ട് നിര്‍മ്മിച്ച പന്തലില്‍ മുപ്പത്തിയാറ് പാണ്ടി കിണ്ണങ്ങള്‍ കൊണ്ട് അലങ്കരിച്ച് ബ്രാഹ്മണര്‍ മന്ത്രോച്ചരാണത്തോടെ പഞ്ചവാദ്യത്താല്‍ കാവിലേക്ക് വന്ന് സമര്‍പ്പിക്കുന്നു. ഇതിനെ കിണ്ണപ്പന്തല്‍ എന്ന് പറയുന്നു. പകല്‍വേല ഇതോടെ അവസാനിക്കുന്നു.

പിന്നീട് മികച്ച കലാകാരന്‍മാരുടെ നേതൃത്വത്തില്‍ തായമ്പക നടത്തുന്നു. കൃത്യം രാത്രി മൂന്നു മണിക്ക് രാവേല ആരംഭമായി. ദേവിയുടെ പടിഞ്ഞാറെ നടയില്‍ നിന്ന് ആന, വാദ്യം മുതലായവയോടുകൂടി ഗരുഡപത്ത്, (തട്ടുമകൂത്ത്), കാളവിളക്ക് അത്യാവേശഭരിതമായി നിയോഗത്തോടൊപ്പം ഒരു പുറപ്പെടുന്നു. കണ്ടാല്‍ മതിവരാത്ത ഒരവസരം തന്നെയാണ് ഇത്.

മരുന്ന് പണി ആരംഭിക്കുവാന്‍ ഭഗവതി കല്‍പിക്കണം. നിയോഗത്തിന്റെ ആഞ്ജയിലും സാന്നിദ്ധ്യത്തിലും കമ്പം കത്തിക്കുന്നതില്‍ ആദ്യം

നടക്കലെ കമ്പം
കതിനമുറിയുടെ കിഴക്കേ കമ്പം
ദേവിയുടെ പിന്‍ഭാഗത്തെ ഗെയിറ്റ്നു മുമ്പുള്ള കമ്പം
വാരിയത്തെ വീടിനടുത്തുള്ള കമ്പം
കതിനമുറിയുടെ മുന്‍വശത്തുള്ള കമ്പത്തിന്റ നേരെ ദേവസ്വം ആഫീസിനോട് ചേര്‍ന്ന കമ്പം
ഇരുളപ്പ കുരുക്കളുടെ വീടിന്റെ പിന്‍ഭാഗത്തുള്ള കമ്പം
റോഡരുകില്‍ തരവാനട്ടെ വഴിക്ക് എതിര്‍വശത്തുള്ള കമ്പം
ആലിന്‍ചുവട്ടില്‍ ഉള്ള മത്താപ്പു കമ്പം. ഇത് ചില വേലകളില്‍ പൂത്തിരികമ്പവും ആക്കാറുണ്ട്.
ചെട്ടിയാര്‍ കമ്പം
കമ്പം കത്തിക്കലും വിവിധ തരത്തിലുള്ള അമിട്ടുകള്‍, പൂക്കുറ്റികള്‍, ഓലപടക്കങ്ങള്‍ എന്നിവ മരുന്നുപണിയുടെ ചിട്ടപ്രകാരം ഉള്ള ചടങ്ങുകള്‍ ആണ്. ഇതെല്ലാം പ്രഭാതത്തിുമുമ്പായി അവസാനിപ്പിക്കുന്നു. കാലത്ത് 8 മണിയോടെ ഈടു വേടി. ആയിരക്കണക്കിന് കതിന വെടികളോടെ ഭക്തജങ്ങളോടൊന്നിച്ചും ആനന്ദിച്ചും ആഹ്ളാദിച്ചുകൊണ്ടും കാവില്‍ നടയില്‍ വെച്ച് വിജയസൂചകമായി നിയോഗതത്തോടെ അട്ടഹാസത്തോടെ വലിയവിളക്കുവേല മഹോത്സവം അവസാനിക്കുന്നു.

വലിയവിളക്കുവേല – ചടങ്ങുകള്‍ – അവകാശികള്‍

1. കതിര്‍ വിളിച്ചുപറയല്‍ : ദേശത്തേ ഹരിജനങ്ങള്‍ക്ക്
2. കതിര്‍വേല : തരവത്തെ തരനാവാട്ടെ വാരിയത്തെ മൂന്ന് വീടുകളിലെ കൃഷിപ്പണിക്കാര്‍
3. വരിയെഴുത്ത് : തരവനാട്ടു വീട്ടിലെ കാരണവര്‍ക്ക്‌
4. കരി, വെടിയുപ്പ്, ഗന്ധകം തൂക്കികൊടുക്കല്‍: മൊഴിപുലം പനങ്ങാട്ട് വീട്ടുകാര്‍ക്ക്
5. പാലമരം മുറിക്കല്‍ : ദേശത്തെ ആശാരിക്ക്
6. കുമ്മാട്ടി : ദേശത്തെ 21 വീട്ടുകാരുടെ അവകാശം.
7. കണ്യാര്‍ : കൊടിയേറ്റം, കതിര്‍ എന്നിവ വിളിച്ചുപറയുന്ന സ്ഥലത്ത് മണിയിടല്‍ ചടങ്ങ്. ഇതിന്റെ അവകാശം പ്രത്യേക സമുദായത്തിനു
8. വെടിമരുന്ന് പരിശോധന : ചൊവ്വാഴ്ച രാവിലെ പിരായിരി ദേശക്കാരുടെ വാളും പീഠവും ഏഴുന്നള്ളത്ത്, വൈകുന്നേരം മരുന്ന് പരിശോധന (ദേശക്കാരുടെ വീടുകളില്‍ അവിയും തിരിയുമിടല്‍ പൂജ)
9. കളിയാട്ട് : കനകത്തെ വീട്ടില്‍ വെച്ച് വേല കഴിഞ്ഞ വരുന്ന ഞായറാഴ്ച
10. തിരുലാട : വെളുത്തേടത്തു വീട്ടുക്കാര്‍ക്ക്
11. ദേവിയുടെ കോമരത്തിന്റെ അകമ്പടി സേവിക്കല്‍ (അംഗരക്ഷകര്‍): വടക്കന്തറ ദേശത്തെ കളരിക്കല്‍ പണിക്കര്‍ വീട്ടുക്കാര്‍ക്ക്
12. നിയോഗത്തോടൊപ്പം കുത്തുവിളിക്ക് പിടിക്കുന്ന അവകാശം : തരവനാട്ടുകാര്‍ക്ക്
13. പീഠം : കുട്ടംപറമ്പത്ത്കാര്‍ക്ക്
14. ഭാസ്മപെട്ടി : കൊണ്ടപുറത്തുകാര്‍ക്ക്
15. വെടിമരുന്നു കത്തിക്കല്‍ (വേല ദിവസം) : പഴൂര്‍ വീട്ട്ക്കാര്‍ക്ക്ചെട്ടിയാര്‍ കമ്പം ( വലിയ കമ്പം) : തരവനാട്ടുകാര്‍ക്ക്
16. ശുദ്ധികലശം, ദ്രവ്യകലശം : ചൊവ്വ , ബുധന്‍ , വ്യാഴം എന്നീ ദിവസങ്ങളില്‍ ബ്രഹ്മശ്രീ അണിമംഗലം വാസുദേവന്‍‌ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രത്തിനുള്ളിലെ ചടങ്ങ്

Comments